കൊച്ചി: പെരിയാറിനെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നു ഹൈക്കോടതി. പെരിയാര്‍ സംരക്ഷണത്തിന് ഏകീകൃത അഥോറിറ്റി, സംയോജിത നദീതട സംരക്ഷണ മാനേജ്മെന്റ് പദ്ധതി തുടങ്ങി സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികളുടെകൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ അധികൃതര്‍ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നും നടപടി സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.
വന്‍ ദുരന്തമുണ്ടാകാന്‍ കാത്തിരിക്കാതെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പെരിയാര്‍ മലിനീകരണം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളാണു കോടതി പരിഗണിച്ചത്. പെരിയാര്‍ മലിനീകരണം തടയുന്നതിനായി കുഴിക്കണ്ടം തോടിന്റെ ശുചീകരണത്തിനായി മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പുതിയ സമയക്രമം അറിയിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കോടതി നിര്‍ദേശം നല്കി.